SEARCH


Kuttikkara Chamundi Theyyam - കുട്ടിക്കര ചാമുണ്ഡി തെയ്യം

Kuttikkara Chamundi Theyyam -  കുട്ടിക്കര ചാമുണ്ഡി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kuttikkara Chamundi Theyyam - കുട്ടിക്കര ചാമുണ്ഡി തെയ്യം

രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ നാമഭേദമാണ് ഈ തെയ്യം. രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ ഐതീഹ്യം അറിയാൻ ആ തെയ്യത്തിൻ്റെ പേജ് കാണുക.

കണ്ണൂർ വെങ്ങരയിലെ മൂവരികളുടെ പ്രധാന കഴകമായ കുട്ടിക്കര ഭഗവതി കാവിൽ കെട്ടിയാടുന്നതിനാൽ കുട്ടിക്കര ചാമുണ്ഡി എന്ന് അറിയപ്പെടുന്നു.

സവിശേഷമായ സാധാരണയായി രക്ത ചാമുണ്ഡിക്ക് പുറത്തട്ടു മുടിയുള്ള അമ്മ പരദേവതയാണെങ്കില്‍ കുട്ടിക്കര അത് പുരുഷദൈവമാണ്. ലോകാദിനാഥനാം വിഷ്ണുമൂര്‍ത്തിയെയാണ് കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടുന്നത്‌.

എന്നാല്‍ ഒരുകാലം വരെ കുട്ടിക്കര ചാമുണ്ടിയായി കെട്ടിയാടിയിരുന്ന തെയ്യം മറ്റു മൂന്നു കഴകങ്ങള്‍ക്കും സമാനമായി പുറത്തട്ടു മുടിയണിഞ്ഞ, വെളിമ്പന്‍ ഉടയാടകള്‍ അണിഞ്ഞ അമ്മ ചാമുണ്ഡി തന്നെയായിരുന്നു. പിന്നെ അത് വിഷ്ണുമൂര്‍ത്തിയായി മാറ്റി കെട്ടിയാടപ്പെടുകയായിരുന്നു എന്ന് ചരിത്രയാഥാര്‍ഥ്യം.

വെറുതെയൊരു രസത്തിന് അല്ലെങ്കില്‍ കാഴ്ചഭംഗിക്ക് വേണ്ടിയായിരുന്നില്ല ഇങ്ങനെയൊരു തെയ്യം മാറ്റിക്കെട്ടല്‍. മഹാസ്വാതികനായ, കേള്‍വിക്കേട്ട തെയ്യക്കാരനായ അന്നത്തെ അടുത്തില പള്ളിപ്പെരുമലയന്‍റെ അചഞ്ചഭക്തിയുടെയും ആത്മവിശ്വാസത്തിന്‍റെയും ഇച്ഛാശക്തിയുടെയും കരളുറപ്പിന്‍റെയും കഥ ഈ തെയ്യം മാറ്റിക്കെട്ടലിലുണ്ട്. അടുത്തില പള്ളിപ്പെരുമലയനെ ഒരിക്കല്‍ പരദേവതമാര്‍ പരീക്ഷിച്ചത്രേ. നാടെങ്ങും കളിയാട്ടത്തിന്‍റെ നിരവൃതികള്‍ നിറയുന്ന ഒരുകാലം. കുട്ടിക്കര ഭഗവതി ക്ഷേത്രത്തിലും തെയ്യം കുറിച്ചു. മലയര്‍ക്ക് വേണ്ടി അടുത്തില പള്ളിപ്പെരുമലയന്‍ അടയാളം വാങ്ങി. തെയ്യക്കോപ്പുകള്‍ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങി ഉപയോഗിക്കുന്ന ഒരു കാലമായിരുന്നു അന്നത്തേത്. കുട്ടിക്കരയിലെ കളിയാട്ടത്തീയ്യതി അടുത്തു. പെരുമലയന്‍ ചാമുണ്ടിയുടെ അണിയലത്തിനായി പോയി. പക്ഷെ അണിയലം എവിടെയും കിട്ടാനില്ല. നാട്ടിലും നാട്ടിനു പുറത്തും അന്വേഷിച്ചു, പക്ഷേ എങ്ങും കളിയാട്ടം കൊടുമ്പിരിക്കൊള്ളുന്ന കാലമായതിനാല്‍ ചാമുണ്ടിയുടെ അണിയലം എങ്ങും കിട്ടാത്ത അവസ്ഥ. കുട്ടിക്കരയിലേക്ക് കളിയാട്ടത്തിനു പോകാനുള്ള സമയമടുത്തു. പക്ഷേ ചാമുണ്ടിയുടെ അണിയലം കിട്ടാതെ എങ്ങനെ കുട്ടിക്കര ചാമുണ്ടി കെട്ടിയാടും? പക്ഷേ പെരുമലയന്‍ ആത്മവിശ്വാസം കൈവിട്ടില്ല.

കുലദേവതയും പരദേവതയുമാം പൊട്ടന്‍തെയ്യത്തെ മനസ്സില്‍ വിളിച്ച് തന്‍റെ പകലുണ്ടായിരുന്ന വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോപ്പുകളുമെടുത്ത്, പരിവാരങ്ങളെയും കൂട്ടി പെരുമലയന്‍ കുട്ടിക്കരയിലെത്തി. കാവിലെ ഭാരവാഹികളോട് തന്‍റെ അവസ്ഥ ബോധിപ്പിച്ചു , ചാമുണ്ടിക്ക് പകരം വിഷ്ണുമൂര്‍ത്തി കെട്ടിയാടാനുള്ള അനുവാദം ചോദിച്ചു. എതിര്‍പ്പുകള്‍ ധാരാളമുണ്ടായി. പക്ഷേ തെയ്യം കെട്ടാതിരിക്കാനും കഴിയില്ല ഒരു തെയ്യത്തിന് പകരം മറ്റൊന്ന് കെട്ടിക്കാനും കഴിയില്ല എന്ന സ്തിഥി.

ഒടുവില്‍ പ്രശ്നപരിഹാരത്തിനായി മൂവാരി കാരണവന്മാര്‍ ജ്യോതിഷനെ വിളിച്ചു. കണിശന്‍ കവടി നിര്‍ത്തിനോക്കി, കുട്ടിക്കര ചാമുണ്ടിക്ക് പകരം വിഷ്ണുമൂര്‍ത്തി കെട്ടിയാടുന്നതില്‍ കാവില്‍ കുടിയിരിക്കുന്ന ധര്‍മ്മദൈവങ്ങള്‍ക്ക് പരിപൂര്‍ണ്ണസമ്മതം എന്നായിരുന്നു പ്രശ്നവിധി. കാവുടമകളെയും അടുത്തില പള്ളിപ്പെരുമലയനയെയും ഭക്തജനങ്ങളെയും ആഹ്ലാദഭരിതരാക്കി ജ്യോതിഷവചനം. തികഞ്ഞ ഭക്തിയോടെ, പരദേവതമാരുടെ അനുഗ്രഹത്തോടെ അന്ന് ചരിത്രത്തിലാദ്യമായി ചാമുണ്ടിക്ക് പകരം കുട്ടിക്കരയില്‍ വിഷ്ണുമൂര്‍ത്തി കെട്ടിയാടി. അന്നത്തെ അടുത്തില പള്ളിപ്പെരുമലയന്‍റെ ഉപാസനാവിജയം എന്ന് ഈ തെയ്യം മാറ്റിക്കെട്ടലിനെ വിശേഷിപ്പിക്കാം. കറകളഞ്ഞ ഭക്തിയും ആത്മാര്‍പ്പണവും അളവറ്റ ദൈവാനുഗ്രഹവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്‍റെ മഹത് വ്യക്തിത്വത്തിന് താന്‍ കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍ നല്‍കിയ പരമോന്നത ബഹുമതി എന്നും ഈ സംഭവത്തെ വിശേഷിപ്പിക്കാവുന്നതാണ്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848